തുമ്മലും ജലദോഷവുമാണോ; ഈ മാർഗങ്ങൾ പരീക്ഷിക്കാം

മഴയും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ പലർക്കും ജലദോഷം അനുഭവപ്പെടാറുണ്ട്. തുമ്മലും ജലദോഷവും അകറ്റാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജലദോഷം മാറാൻ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയും തുളസിയും ചേർത്ത വെള്ളം കുടിക്കുന്നത് തുമ്മലും ജലദോഷവും അകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്.

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ജലദോഷം തടയും. രണ്ട് ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. പതിവായി ചെയ്താൽ ജലദോഷം കുറയും. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും അകറ്റും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗമാണ് തേൻ.

തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുമ്പേ കുരുമുളകുപൊടിയും ചേർത്ത് കുടിക്കുന്നത് ജലദോഷം ശമിപ്പിക്കും. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നതും ജലദോഷം അകറ്റാൻ വളരെയേറെ പ്രയോജനം ചെയ്യും.