തിരുവനന്തപുരം : ആശ്രിത നിയമനം സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിക്കാത്തവർക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം 25 % ഈടാക്കാൻ ഒരുങ്ങി സർക്കാർ. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക അർഹരായ ആശ്രിതർക്ക് നൽകാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തികൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു. ആശ്രിതർക്ക് കുടുംബപെൻഷനുണ്ടെങ്കിൽ മേല്പറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ലെന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ കൈപറ്റുന്നവരെ സംരക്ഷിക്കാൻ ആശ്രിത നിയമനം ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണെന്നും യോഗം തീരുമാനിച്ചു. 50 വർഷക്കാലത്തോളം പഴക്കമുള്ള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിന് അംഗീകാരം 2023 ൽ നൽകാനും മന്ത്രി സഭ തീരുമാനിച്ചു.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ 1012 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകാനും കേരഫെഡ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ തുടങ്ങിയവയിലെ ശമ്പള പരിഷ്കരണവും ചർച്ച ചെയ്ത് നടപ്പിലാക്കാനും തീരുമാനമായി.കൂടാതെ സർക്കാർ ഐ ടി പാർക്കിലെയും അവയുടെ സാറ്റലൈറ്റ് ക്യാമ്പസുകളിലെയും ഭൂമി, ബിൽറ്റ് അപ്പ് സ്പേസ് എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏർപ്പാടാക്കാനും അനുമതി നൽകി.ടെക്നോപാർക്ക് വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലും ഭൂവുടമകൾക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ താമസിക്കുന്നതിന് വാടക നൽകുന്നതിനെ പറ്റിയും തീരുമാനത്തിലെത്തി ചേർന്നു.

