അവയവദാനം; ഡോ ഗണപതിയുടെ പരാമര്‍ശം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കരുതുന്നില്ലെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് ഡോ. ഗണപതി
ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ നൽകിയ ദുഃസൂചനകൾ ശാസ്ത്രീയമായ എന്തെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് കരുതാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറിഞ്ഞോ അറിയാതെയോ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന ഒന്നിനെയും പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്ലീം ഡോക്ടർമാരും മുസ്ലീം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതൽ മസ്തിഷ്‌ക മരണങ്ങൾ സംഭവിക്കുന്നതെന്നായിരുന്നു ഡോ ഗണപതിയുടെ പരാമർശം. സംസ്ഥാനത്ത് ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലീം വിഭാഗങ്ങളിൽപ്പെട്ടവരിലാണെന്നും ഗണപതി വെളിപ്പെടുത്തിയിരുന്നു.

ഗണപതിയുടെ പരാമർശത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കെടി ജലീൽ പറഞ്ഞു. ഗണപതി ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖം അങ്ങേയറ്റം വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഗണപതി പറഞ്ഞ കാര്യങ്ങളിൽ സത്യത്തിന്റെ തരിമ്പുണ്ടെങ്കിൽ ഉത്തരവാദികളായ കശ്മലൻമാരെ തൂക്കിക്കൊല്ലണം. കാരണം അത്ര വലിയ പാപമാണ് അവർ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.