പ്ലസ് വൺ പ്രവേശനം; അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വർധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് അധ്യാപകർ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇത്തവണയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വർധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകി അധ്യാപകർ. ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാർഥികളുടെ പഠന നിലവാരത്തെ പിന്നിലാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ പേർക്ക് പ്ലസ് വൺ പ്രവേശനം ലക്ഷ്യമിട്ട് മാർജിനൽ സീറ്റ് വർദ്ധനയും താത്ക്കാലിക ബാച്ചും അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് തിരിച്ചടിയാകുന്നത് മലബാറിലെ വിദ്യാർത്ഥികൾക്കാണ്. ഇത്തവണ കോഴിക്കോട് മാത്രം ഉപരിപഠന യോഗ്യത നേടിയത് പേരാണ് 43720. എന്നാൽ ആകെയുളളത് 30,700 സീറ്റുകൾ മാത്രമാണ്. താത്ക്കാലിക വർദ്ധന നടത്തിയാൽ പോലും 7,000ൽപ്പരം പേർ ക്ലാസിന് പുറത്താകും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യങ്ങൾക്കും തീരുമാനം പ്രതിസന്ധി സൃഷ്ടിക്കും.