കണ്ണൂര്‍: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളും അധ്യാപകരും മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പുതുതായി നിര്‍മിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂര്‍ മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘പുറത്തുനിന്ന് ആരുവന്നാലും നിയന്ത്രിക്കണം. ലഹരിമാഫിയക്കെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ജാഗ്രത പാലിക്കണം. കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നത് ആ ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല. നാടിന്റെ ഭാവിയുടെ പ്രശ്‌നമാണ്. നിശ്ചിത എണ്ണം കുട്ടികള്‍ക്ക് മെന്ററായി ഒരു ടീച്ചറുണ്ടാകണം. അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എല്ലാത്തരം ആളുകളും കയറിവരേണ്ട ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതില്ല. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയ മുഗള്‍ചരിത്രം ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഇനിയും പഠിക്കാന്‍ അവസരമുണ്ടാകും. ഗാന്ധിജിയെക്കുറിച്ച് പഠിക്കുമ്പോള്‍ അദ്ദേഹത്തെ വധിച്ചത് ആരെന്ന ചോദ്യം ഉയര്‍ന്നുവരും. കൊലയാളിയായ ഗോഡ്‌സെയുടെ പിറകില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യമുയരും. ഇത്തരം ചോദ്യങ്ങള്‍ ചില കൂട്ടര്‍ക്ക് അസ്വാരസ്യമുണ്ടാക്കും. അന്ന് ഗോഡ്‌സെയുടെ പിറകില്‍ പ്രവര്‍ത്തിച്ച അതേ സംഘപരിവാരശക്തികള്‍ തന്നെയാണ് ഇന്ന് പുതിയ ചരിത്രനിര്‍മിതിക്ക് ശ്രമിക്കുന്നത്’-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

