പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ; 19 പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർഖണ്ഡ്, മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ ഉൾപ്പെടെ 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചിരുന്നു. മേയ് 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്..

പാർലമെന്റ് അംഗങ്ങൾക്കു പുറമേ മറ്റു പ്രമുഖരെയും ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്‌സഭാ ജനറൽ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങ് ആണ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ക്ഷണക്കത്തയച്ചത്. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. അതേസമയം, പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കിയത്. പ്രോട്ടോകോൾ ലംഘനം നടത്തി പാർലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ 79-ാം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാർലമെന്റിന്റെ അവസാനവാക്ക്. എന്നാൽ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിന്റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.