ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗം ഫൈനലില്‍ മംഗോളിയുടെ ലുട്‌സൈഖന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ ഏകപക്ഷീയമായി കീഴടക്കി നീതു ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പിലെ കന്നിപ്പൊന്ന് സ്വന്തമാക്കി. 81 കിലോഗ്രാം വിഭാഗത്തിലെ വാശിയേറിയ ഫൈനലില്‍ ചൈനയുടെ വാംഗ് ലിനയെ കീഴടക്കിയാണ് സ്വീറ്റി ബൂറ പൊന്നണിഞ്ഞത്. ഇതോടെ ലോക ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതകളുടെ എണ്ണം ഏഴായി. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 82ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതിഹാസ താരം മേരി കോമിന്റെ പകരക്കാരിയായിറങ്ങി സ്വര്‍ണം നേടി ചരിത്രമെഴുതിയ നീതു ലോക ചാമ്ബ്യന്‍ഷിപ്പിലും മികവുതുടരുകയായിരുന്നു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ നിതു നേരത്തേ യൂത്ത് ലോക ചാമ്ബ്യന്‍ഷിപ്പിലും നീതു സ്വര്‍ണം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ എത്തുന്ന ആദ്യ സ്വര്‍ണമായിരുന്നു നീതുവിന്റേത്.
81 കിലോ ഗ്രാം ഫൈനലില്‍ ചൈനീസ് താരം വാംഗ് ലിനയുടെ കടുത്ത വെല്ലുവിളി നേരിട്ട സ്വീറ്റി ബൂറ 4-3നാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയിച്ചുകയറിയത്. തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് സ്വീറ്റി ഇടിച്ച് മുന്നിലെത്തിയത്.നേരത്തേ 2014ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള താരം വെള്ളിനേടിയിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും സ്വീറ്റി സ്വര്‍ണം നേടിയിരുന്നു.

