ബംബോലിം: ഐഎസ്എല്ലില്‍ ബംഗളൂരു എഫ് സി-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ഹോയ്കിപ്പിന്റെ ഗോളിലൂടെ ലീഡെടുത്ത ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാം പകുതിയില്‍ സൗരവ് ദാസിന്റെ സെല്‍ഫ് ഗോളിലാണ് ബംഗളൂരു സമനിലയിലെത്തിയത്. സമനിലയോടെ ബംഗളൂരു പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തും തുടരുന്നു.
ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും ബംഗളൂരുവിന് തുറന്നെടുക്കാനും കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ വെങ്ബാം ലുവാങെടുത്ത ഫ്രീ കിക്കില്‍ നിന്നാണ് തോങ്‌ഹോസിം ഹാവോകിപ് തന്റെ പഴയ ക്ലബ്ബിനെതിരെ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി തീരും മുമ്പ് ലീഡുയര്‍ത്താന്‍ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും നഷ്ടമായി.
രണ്ടാം പകുതിയുടെ തുടക്കത്തിലെ ജയേഷ് റാണെക്ക് പകരക്കാരനായി സുനില്‍ ഛേത്രി ഇറങ്ങിയതോടെ ബംഗളൂരു ആക്രമണങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. 56-ാം മിനിറ്റില്‍ വലതു വിംഗില്‍ നിന്ന് രോഷന്‍ നാവോറെം ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്യാനുള്ള സൗരവ് ദാസിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ അവസാനിച്ചു.
പിന്നീട് ഇരു ടീമും വിജയഗോളിനായി ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും സമനിലയില്‍ തന്നെ അവസാനിച്ചു. 72-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളെന്നുറച്ച ഷോട്ട് ഹിരാ മൊണ്ടാല്‍ ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തിയത് ബംഗളൂരുവിന് തിരിച്ചടിയായി.

