കെ-റെയില്‍: ‘മുഖ്യമന്ത്രിയുടെ അംബാസഡറാണ് ശശി തരൂര്‍’; കോണ്‍ഗ്രസിന്റെ ഇരട്ടനയത്തെ വിമര്‍ശിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കെ-റെയില്‍ പദ്ധതിയെ ഒരു വശത്ത് എതിര്‍ക്കുമ്പോഴും മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പദ്ധതിയെ അനുകൂലിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അഭിനന്ദിക്കുകയും ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ-റെയില്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസഡറാണ് ശശിതരൂരെന്നും മുരളീധരന്‍ പരിഹസിച്ചു.

അതേസമയം, പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായ തരൂരിന്റെ നടപടികളില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പുകളുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് കെ. സുധാകരന്‍ അറിയിച്ചു.

ഇതിനോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും കേരള മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് വലിയ ക്ഷീണമായിട്ടുണ്ട്.