കെഎസ്ആര്‍ടിസി പണിമുടക്ക്; യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനമൊരുക്കി പോലീസ്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണ വിവാദത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ബുദ്ധിമുട്ടി യാത്രക്കാര്‍. ഹ്രസ്വദൂര സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും നിലച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി ബദല്‍ മാര്‍ഗങ്ങള്‍ പോലീസ് ഒരുക്കുന്നുണ്ട്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വന്നിറങ്ങുന്നവരെ പോലീസ് വാഹനങ്ങളിലും സമാന്തര വാഹനങ്ങളിലുമായി അതത് സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നും നല്‍കുന്നുണ്ട്.

ഗ്രാമങ്ങളിലാണ് യാത്രാ ബുദ്ധിമുട്ടുകള്‍ രൂക്ഷമായത്. ഓട്ടോറിക്ഷയാണ് പലരും ആശ്രയിക്കുന്നത്. അമിതമായ ചാര്‍ജാണ് പല ഡ്രൈവര്‍മാരും ഈടാക്കുന്നത്. പെട്രോള്‍ വില വര്‍ദ്ധനവില്‍ സമാന്തര വാഹനങ്ങളെല്ലാം നിരക്ക് കൂട്ടുന്നത് പൊതുജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഇന്നലെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതു വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല എന്നതാണ് ജീവനക്കാരുടെ വാദം. കഴിഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇടത് അനുകൂല യൂണിയനും ബി എം എസും ഇന്ന് അര്‍ദ്ധരാത്രി വരെയും, കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ നാളെ അര്‍ദ്ധരാത്രി വരെയുമാണ് പണിമുടക്കുന്നത്. കൂടാതെ എഐടിയുസിയും 48 മണിക്കൂറായി പണിമുടക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്.