നിരോധനം വകവെക്കാതെ മുഖം മാറ്റി ഇന്ത്യയില്‍ വിലസുന്നത് അറുപത് ചൈനീസ് ആപ്പുകള്‍ !

ന്യൂഡല്‍ഹി: രാജ്യം നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വലിയ പ്രചാരം നേടുന്ന 60 മുന്‍നിര ആപ്ലിക്കേഷനുകളില്‍ എട്ടെണ്ണവും ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിമാസം 211 മില്യന്‍ ഉപയോക്താക്കളുള്ളതാണ് ആപ്പുകളെല്ലാം. 2020ല്‍ ഇന്ത്യ നിരോധനം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് 96 മില്യന്‍ ഉപയോക്താക്കള്‍ മാത്രമുണ്ടായിരുന്ന ആപ്പുകളാണ് കഴിഞ്ഞ 13 മാസം കൊണ്ട് പുതുതായി 115 മില്യന്‍ ഉപയോക്താക്കളെ സ്വന്തമാക്കിയത്.

അതേസമയം, പല ആപ്പുകളും ചൈനീസ് വേരുകള്‍ മറച്ചുവെച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരുന്നത്. നേരത്തെ നിരോധനം നേരിട്ട പ്രമുഖ കമ്പനികള്‍ തന്നെയാണ് ഇവയില്‍ പല ആപ്പുകളുടെയും പിന്നിലുള്ളതെന്നും സൂചനയുണ്ട്. ആലിബാബ, ബൈറ്റ്ഡാന്‍സ്, ഷവോമി, വൈവൈ ഇന്‍ക് തുടങ്ങിയ കമ്പനികള്‍ അതില്‍ പെടുന്നു.

സ്മാര്‍ട്ട് ഫോണുകളിലും കംപ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിഡിയോ പ്ലേയറായ ‘പ്ലേഇറ്റ്’ രാജ്യത്ത് ഏറ്റവും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനീസ് ആപ്പായ പ്ലേഇറ്റിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ 2.8 കോടി ഉപയോക്താക്കളുണ്ടായിരുന്നത്. നിലവില്‍ അത് 6.7 കോടിയായി കുത്തനെ കൂടിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫയലുകള്‍ പങ്കുവയ്ക്കാന്‍ ഉപയോഗിക്കുന്ന ‘ഷെയര്‍മീ’ ആപ്പാണ് വലിയ യൂസര്‍ ബേസുള്ള മറ്റൊരു ചൈനീസ് ആപ്പ്. 2020ല്‍ 3.6 ആയിരുന്ന യൂസര്‍മാര്‍ നിലവില്‍ 4.7ഉം കോടി ആയി ഉയര്‍ന്നു.

ഷോര്‍ട്ട് വിഡിയോ ആപ്പുകളായ സില്ലി, ടികി, വിഡിയോ എഡിറ്റിങ് ആപ്ലിക്കേഷനുകളായ നോയ്സ്, മാസ്റ്റ്, മ്യൂസിക് ആപ്ലിക്കേഷനായ റെസ്സോ എന്നിവയാണ് ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന മറ്റ് ചൈനീസ് ആപ്പുകള്‍. സില്ലിക്ക് മൂന്ന്(2020ല്‍ 2.4 കോടി), ടികിക്ക് 2.1(പൂജ്യം), റെസ്സോയ്ക്ക് 1.8(അഞ്ച്), നോയ്സിന് 1.4(മൂന്ന്), മാസ്റ്റിന് 1.3(പൂജ്യം) കോടി ഉപയോക്താക്കളാണ് രാജ്യത്ത് ഇപ്പോഴുള്ളത്.

ടിക്ടോക്, യുസി ബ്രൗസര്‍, പബ്ജി, ഹെലോ, അലി എക്സ്പ്രസ്, വി ചാറ്റ് തുടങ്ങിയ പ്രമുഖ ആപ്പുകളടക്കം 267 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലായിരുന്നു. ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈന നടത്തിയ കൈയേറ്റ ശ്രമങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമുള്ള മറുപടിയെന്നോണമായിരുന്നു ഇന്ത്യയുടെ നടപടി. രാജ്യത്തെ ഐടി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിക്കൊണ്ട് മുന്നേറിയിരുന്ന ആപ്പുകള്‍ വിലക്കിയത്.