റാഞ്ചി: ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിന് കൊലപാതകമാണോയെന്ന സംശയം തോന്നി തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റർ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 5 മണിക്കായിരുന്നു ജഡ്ജിയെ വാഹനം ഇടിച്ചത്. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നു കളയുകയായിരുന്നു. ഈ സമയത്ത് മറ്റു വാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. ഓട്ടോറിക്ഷ ജഡ്ജിയെ മനപൂർവ്വം ഇടിച്ചിട്ടതാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നിലത്തു വീണ ജഡ്ജിയെ നാട്ടുകാരിലൊരാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രഭാതസവാരിക്ക് പോയ ഉത്തം ആനന്ദിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് മരിച്ചത് ഉത്തം ആനന്ദാണെന്ന് തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചതെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ അദ്ദേഹം നിരസിക്കുകയും ചെയ്തു. ഇതിന്റെ പകയാണോ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

