കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനും നിക്ഷേപങ്ങളുടെ സുരക്ഷയും തിരികെ കിട്ടലും ഉറപ്പുവരുത്തുന്നതിനുമുള്ള പുനരുദ്ധാരണ പാക്കേജ് മൂന്നാഴ്ചയ്ക്കകം സർക്കാരിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നിയോഗിച്ച അന്വേഷണ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 250 കോടി രൂപയ്ക്കു മുകളിൽ പ്രവർത്തന മൂലധനവും ബിസിനസുമുള്ള ബാങ്കുകളെ ഒരു ഗ്രൂപ്പ് ആക്കി മൂന്ന് ഓഡിറ്റർമാരുള്ള ടീം രൂപീകരിച്ച് കണക്കുകൾ പരിശോധിക്കുമെന്നും ഇതിന്റെ മേൽനോട്ടം ജില്ലാതല ജോയിന്റ് ഡയറക്ടർക്കും അസിസ്റ്റന്റ് ഡയറക്ടർക്കും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി ഡപ്യൂട്ടി അക്കൗണ്ട് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനിൽ നിയമിക്കും. സാമ്പത്തിക ക്രമക്കേടുകൾ, പണം മോഷണം, വായ്പാതട്ടിപ്പ്, സ്വർണപ്പണയത്തട്ടിപ്പ് തുടങ്ങിയവ നടന്നതായി ബോധ്യപ്പെട്ടാൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യും. കുറ്റക്കാരുടെ വസ്തുവകകൾ നിയമപരമായി മരവിപ്പിക്കുമെന്നും ഭേഗഗതിയോടു കൂടിയ കരടു നിയമം രണ്ടുമാസത്തിനകം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളിൽ പരിശോധന നടത്തി ക്രമക്കേടുകളിൽ സത്വര നടപടി സ്വീകരിക്കാൻ സഹകരണസംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ സംഘങ്ങളിൽ നേരിട്ട് പരിശോധന നടത്താനും ക്രമക്കേടുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കാനും അധികാരം നൽകുന്ന തരത്തിൽ സഹകരണ നിയമത്തിൽ മാറ്റം വരുത്തുമെന്നും സഹകരണ വിജിലൻസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും വി എൻ വാസവൻ വിശദമാക്കി.