തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തോടെ വലിയ ഉത്തരവാദിത്വമാണ് പാർട്ടിയ്ക്ക് വന്നുചേർന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഉയർത്തിയ ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ തളളിക്കളഞ്ഞെന്നും അതിനാലാണ് പതിവിന് വിപരീതമായി സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ അടിത്തറയും പ്രത്യയശാസ്ത്രപരമായ കെട്ടുറപ്പും സംരക്ഷിക്കാനുളള നടപടികൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അമ്പലപ്പുഴയിലെ വീഴ്ചകൾ സംബന്ധിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ട്. അവ പരിഹരിക്കാനാണ് ശ്രമമെന്ന് വിജയരാഘവൻ അറിയിച്ചു. അമ്പലപ്പുഴയിലെ പരിശോധന വ്യക്തി കേന്ദ്രീകൃതമല്ല. അമ്പലപ്പുഴയിൽ മാത്രമല്ല അന്വേഷണം. കൽപ്പറ്റയിലും പാലായിലും അന്വേഷണം നടക്കുന്നുണ്ട്. പാർട്ടിക്കുണ്ടായ വിജയം കാണാതെ പോകരുത്. പരിശോധനയും തിരുത്തലും പാർട്ടിയിൽ എന്നുമുണ്ടാകും. ജയിക്കേണ്ട ചില മണ്ഡലങ്ങളിൽ സംഘടനാപരമായ പരിമിതികൾ ഉണ്ടായിയെന്നത് ശരിയാണ്. അതിലെ നിജസ്ഥിതി അറിയാനാണ് അന്വേഷണം നടക്കുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

