തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്‌സിനേഷനില്‍ മുന്‍ഗണന. 18 മുതല്‍ 23 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷനില്‍ മുന്‍ഗണനയുണ്ടാകും.
അതേസമയം, ടിപിആര്‍ കൂടിയ വടക്കന്‍ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്. പ്രാദേശികമായി ഇളവുകള്‍ തീരുമാനിക്കാനുള്ള ടിപിആര്‍ മാനദണ്ഡം കര്‍ശനമാക്കിയേക്കും.
വ്യാപനം കൂടിയ വടക്കന്‍ ജില്ലകളില്‍ ടിപിആര്‍ കുറക്കാന്‍ അടിയന്തിര നടപടികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളില്‍ പരിശോധന കൂട്ടും. ക്വാറന്റീന്‍, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ എന്നിവ കര്‍ശനമാക്കും. നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. പുതിയ സാഹചര്യത്തില്‍ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശം.

