നിയമസഭാ കൈയാങ്കളി കേസ്; സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ.എം മാണിയുടെ പേര് കുറ്റക്കാരനാണെന്നോ അഴിമതിക്കാരനാണെന്ന രീതിയിലോ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ.എം മാണിയുടെ പേര് കുറ്റക്കാരനാണെന്നോ അഴിമതിക്കാരനാണെന്ന രീതിയിലോ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസ് ഇക്കാര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനറോട് ഇക്കാര്യം സംസാരിച്ചു. മുന്നണി കൺവീനർ എ.വിജയരാഘവനും ഇക്കാര്യം കൃത്യമായി വിശദീകരിച്ചന്നെും ജോസ് കെ മാണി വ്യക്തമാക്കി.

കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ തന്നെ പുന:സംഘടന നടത്താൻ തീരുമാനിച്ചെന്നും ജോസ് കെ മാണി അറിയിച്ചു. കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പെയിൻ നടപ്പാക്കാനാണ് തീരുമാനം. പാർട്ടി ഘടന തന്നെ മാറുമെന്നും പ്രവാസി മലയാളികൾക്ക് പാർട്ടി അംഗത്വമെടുക്കുന്നതിന് അവസരം ഒരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് പാർട്ടികളിൽ നിന്നും നിരവധിയാളുകൾ കേരള കോൺഗ്രസിലേക്ക് എത്തുന്നുണ്ടെന്നും ജോസ്.കെ മാണി കൂട്ടിച്ചേർത്തു.