ആങ് സാന്‍ സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ കുറ്റം കൂടി ചുമത്തി

തടവിലുള്ള മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റം കൂടി ചാര്‍ത്തിയതായി സൂചിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
അട്ടിമറിക്ക് ശേഷം ആങ് സാന് സ്യൂചിയേയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) യിലെ മറ്റ് അംഗങ്ങളെയും പട്ടാളം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറ് വാക്കി-ടോക്കികള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുക, കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക എന്നിവയുള്‍പ്പെടെ നിരവധി ചെറിയ കുറ്റകൃത്യങ്ങളാണ് പട്ടാളം നേരത്തെ അവരുടെ മേല്‍ ആരോപിച്ചിരുന്നത്.

ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് അവരുടെ സേവനങ്ങള്‍ നിര്‍ത്താനായി പട്ടാള ഭരണകൂടം ഉത്തരവിട്ടതായി നിരവധി ടെലികോം വൃത്തങ്ങള്‍ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ ഭൂരിഭാഗം ഉപഭോക്താക്കളും വയര്‍ലെസ് ഡാറ്റാ സേവനങ്ങളിലൂടെയാണ് ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഒരുമണി മുതല്‍ ഇന്റര്‍നെറ്റ് വെട്ടിക്കുറച്ചതായി ഇന്റര്‍നെറ്റ് മോണിറ്റര്‍ നെറ്റ്‌ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. 19 -ാം ദിവസം മൊബൈല്‍ ഡാറ്റയും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മ്യാന്മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനായിട്ടുള്ള പരിശ്രമത്തിന്റെ പേരില് 1991 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നേതാവാണ് ആങ് സാന്‍ സ്യൂചി. പിന്നീട് റോഹിങ്ക്യന്‍ ജനതയ്ക്ക് മേലെയുള്ള പട്ടാളത്തിന്റെ നടപടികളെ ന്യായീകരിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും അവര്‍ക്ക് നേരെയുണ്ടായി.