ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കോടതിയില്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എത്രയും വേഗം സുപ്രീംകോടതി ഇടപെട്ട് പൗരത്വനിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു. 1955, 2009 തുടങ്ങിയ വര്‍ഷങ്ങളില്‍ പാസാക്കിയ പൗരത്വ നിയമങ്ങളുടെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ പൗരത്വത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
2021-05-31

