തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് പറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളിലുൾപ്പെടെ 59 നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ മുന്നണിയെ വോട്ടില്ലായ്മ വേട്ടയാടി.
അതേസമയം 493 ബൂത്തുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഓരോ വോട്ടുകൾ വീതമാണ്. ഏറ്റവും കൂടുതൽ വോട്ടില്ലാബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും ഉളളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മുന്നണിക്ക് പൂജ്യം വോട്ടുകൾ ലഭിച്ച ബൂത്തുകൾ ഏറ്റവും കൂടുതലുളളത്. ഇവിടെ 34 ബൂത്തിൽ പൂജ്യം വോട്ട് ലഭിച്ചപ്പോൾ പതിനാറിടത്ത് ഓരോ വോട്ടുമാത്രമാണ് ലഭിച്ചത്.
തോൽവിയുടെ ആഘാതത്തിൽ നിന്നും കരയറാൻ പാർട്ടി ശ്രമിക്കുന്നതിനിടയിലും, സംസ്ഥാനത്തെ 318 ബൂത്തുകളിലെ കണക്കുകൾ നേതൃത്വത്തെ വേട്ടയാടും എന്നുറപ്പാണ്. ഈ ബൂത്തുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നേടാനായില്ല എന്നത് അപമാനകരമാണ്.ആയിരത്തിലേറെ ബൂത്തുകളിൽ രണ്ടു മുതൽ അഞ്ചു വരെ വോട്ടുകൾ മാത്രമാണെന്നും പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.സുരേന്ദ്രൻ മത്സരിച്ച കോന്നിയിലെ 54, 212 നമ്പർ ബൂത്തുകളിൽ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല.