ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി വലിയ തിരിച്ചടിയായെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.സി.വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ലെന്ന് പ്രവർത്തക സമിതി തീരുമാനിച്ചതായും അറിയിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ചേർന്ന ആദ്യത്തെ പ്രവർത്തക സമിതിയോഗമായിരുന്നു ഇത്.
കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നില്ല രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രണ്ട് ദിവസത്തിനുള്ളിൽ രൂപീകരിക്കുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു. പരാജയത്തിൻ്റെ കാരണം ഇപ്പോൾ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ റിപ്പോർട്ടിന് ശേഷം തോൽവിയുടെ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.