പെരുന്നാളിൽ ലഹരിക്കെതിരെ വിശ്വാസികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. തീവ്രവാദത്തെ അകറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗനിർഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് ബലിപെരുന്നാൾ നമുക്ക് നൽകുന്നത്.
പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ നാനാ ഭാഗത്തുനിന്നുള്ള ജനങ്ങൾ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്നേഹത്തിലും ത്യാഗ സ്മരണകൾ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു.
തന്റെ പ്രവർത്തികൾ സ്വന്തം ശരീരത്തിനും സമൂഹത്തിനും ഗുണകരമാണോ എന്ന് പരിശോധിക്കാനും ജീവിതം സന്മാർഗത്തിൽ ചിട്ടപ്പെടുത്താനും ഇത്തരം വാർഷിക വേളകൾ നാം ഉപയോഗപ്പെടുത്തണം. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയിൽ നിന്നും ആഭാസങ്ങളിൽ നിന്നും നമ്മുടെ പരിസരങ്ങളിലുള്ളവർ അകപ്പെടാതെ ശ്രദ്ധിക്കണം. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വലിയ പെരുന്നാൾ ആശംസകൾ അറിയിക്കുവാനും അദ്ദേഹം മറന്നില്ല.

