തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ബിശ്വനാഥ് സിൻഹ. പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയായി രബീന്ദ്രകുമാറിനും നിയമനം നൽകി. രബീന്ദ്രകുമാർ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിവരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് എം കൗൾ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്നതാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല ഷർമിള മേരി ജോസഫിനാണ് നൽകിയിരിക്കുന്നത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല മൊഹമ്മദ് ഹനീഷിന് നൽകി. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഡോ രത്തൻ യു ഖേൽക്കറിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല നൽകി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജുവിന് ടൂറിസം വകുപ്പിന്റെ അധിക ചുമതല നൽകുകയും ചെയ്തു. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണർ സ്ഥാനത്തേക്ക് മാറ്റി. ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി ശ്രീറാം സാംബശിവ റാവുവിന് നൽകി. സംസ്ഥാന ഹൗസിങ് ബോർഡിന്റെ ചുമതല കൂടി ബി അബ്ദുൾ നാസറിന് നൽകിയിരിക്കുകയാണ്. പ്രേം കൃഷ്ണയെ കേരള ട്രാൻസ്‌പോർട് പ്രൊജക്ട് ഡയറക്ടറായി നിയമിച്ചു. പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കെ ഗോപാലകൃഷ്ണനാണ് നൽകിയിട്ടുള്ളത്.

