തിരുവനന്തപുരം: ഒരു ഭരണത്തുടർച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒന്നുകിൽ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കിൽ ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർണായകമായ സാന്നിധ്യമായി കേരള നിയമസഭയിൽ എൻ.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തും. യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺഗ്രസിലും സിപിഎമ്മിലുമിരിക്കുന്നു. ഫലപ്രദമായ ഒരു മാർഗം തെളിഞ്ഞുവരുമ്പോൾ പല മാറ്റങ്ങളുമുണ്ടാവും. എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാർ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

