റെയിൽവേ സ്റ്റേഷൻ നിയമം ലംഘിച്ച് ട്രെയിൻ പാളം മുറിച്ച് കടക്കുന്നവർക്ക് 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷിനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്ന വിദ്യാർഥികളിൽ പലരും ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ മേൽപാലം ഉപയോഗിക്കാതെ റെയിൽവേ പാളം മറികടക്കുന്ന സാഹചര്യത്തിലാണ് ആർപിഎഫ് കർശന പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
ഏതാനും ദിവസം മുൻപുണ്ടായ സംഭവമാണ് ഇത്തരത്തിൽ കർശന പരിശോധന നടത്താൻ കാരണമായത്. കോഴിക്കോട്–ഷൊർണൂർ പാസഞ്ചറിൽ എത്തിയ വിദ്യാർഥികൾ റെയിൽവേ പാളത്തിലൂടെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് കടന്നു വരികയും പരിഭ്രാന്തരായ കുട്ടികൾ ചിതറി ഓടുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അന്ന് അപകടം ഉണ്ടാകാതെയിരുന്നത്. ഈ ഒരു സംഭവത്തിന് പിന്നാലെയാണ് പുതിയ നടപടിക്ക് ആർപിഎഫ് തുനിഞ്ഞത്.

