ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

Automobile

ദില്ലി: കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുളള പ്രതിസന്ധികൾ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ വന്‍ ഇടിവിന് കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ടേഴ്‌സ് (എസ്‌ഐഎഎം) വ്യക്തമാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ 13.05 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. പാസഞ്ചര്‍ വാഹന വില്‍പ്പനയിലും സമാനമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. മൊത്തം വാഹന വ്യവസായത്തിന്റെ അഞ്ച് വർഷത്തെ സംയോജിത വാർഷിക വളർച്ചാ നിരക്ക് 10 വർഷത്തെ സിഎജിആറിനെതിരെ ആറ് ശതമാനമായി കുറഞ്ഞു.എസ്‌ഐഎഎമ്മിന്റെ വാര്‍ഷിക വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിവ് നേരിട്ടത് ഇരുചക്ര വാഹന വിഭാഗത്തിലാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് ഇരുചക്ര വാഹന വില്‍പ്പന ഇടിഞ്ഞു.