പാര്‍ട്ടി-പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കള്‍ക്ക് പുതിയ അവസരം ലഭിക്കും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിപദത്തിലും പുതുമുഖങ്ങള്‍ക്ക് പരിഗണന നല്‍കിയതിന്റെ രാഷ്ട്രീയം വിശദീകരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി-പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കള്‍ക്ക് പുതിയ അവസരം ലഭിക്കും. കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് അവരുടെ പേരുപറയാതെയാണ് എസ് ആര്‍ പി വിശദീകരിക്കുന്നത്. ചുമതലകള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തവര്‍ക്ക് ഇളവ് നല്‍കിയാല്‍ 26 എം എല്‍ എമാര്‍ക്കും പതിനൊന്ന് മന്ത്രിമാര്‍ക്കും അത് നല്‍കേണ്ടിവരുമായിരുന്നുവെന്നും എസ് ആര്‍ പി വ്യക്തമാക്കുന്നു. രണ്ടുതവണ തുടര്‍ച്ചയായി എം എല്‍ എമാരായിരുന്നവരെ മാറ്റിനിര്‍ത്തിയാല്‍ അത് വിജയസാദ്ധ്യത ഇല്ലാതാക്കുമെന്ന് ചിലര്‍ കരുതിയെന്നും പ്രഗത്ഭര്‍ക്ക് പാര്‍ട്ടിയില്‍ ക്ഷാമമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും രാമചന്ദ്രന്‍പിളള വ്യക്തമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാള്‍ ഒരേസ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ ആരോഗ്യകരമായ കൂട്ടായ്മ വളര്‍ത്തുന്നതിന് പ്രയാസകരമാകുമെന്നും രാമചന്ദ്രന്‍പിളള കൂട്ടിച്ചേര്‍ക്കുന്നു.