ലോകകപ്പ് സെമിയിൽ പാക്കിസ്ഥാൻ വന്നാൽ കളി മുംബൈയിൽ നടക്കില്ല ; പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ച് ഐസിസി

ലോകകപ്പ് സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല. സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് തീരുമാനം. പാക്കിസ്ഥാൻ തന്നെയാണ് ഐസിസിക്ക് മുന്നിൽ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി പരസ്പരം മാറ്റണമെന്ന ഒരു ആവശ്യവും പാക്കിസ്ഥാൻ ഐസിസിക്ക് മുന്നിലേക്ക് വെച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ഈ ആവശ്യം ഐസിസിയും ബിസിസിഐയും തള്ളുകയായിരുന്നു.

ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം അനുസരിച്ച് മുംബൈയിലും കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ടത്. പാക്കിസ്ഥാന്‍റെ ആവശ്യം അംഗീകരിച്ച ഐസിസി സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍റെ സെമി മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റും. നവംബര്‍ 15ന് മുംബൈയിലാണ് ആദ്യ സെമി. നവംബര്‍ 16ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും.

പാക്കിസ്ഥാനാണ് സെമിയിലെങ്കില്‍ വേദികള്‍ പരസ്പരം മാറും. ഇന്ത്യ-പാക്കിസ്ഥാന്‍ സെമി ഫൈനലാണെങ്കിലും കൊല്‍ക്കത്തയിലാവും കളിക്കേണ്ടിവരിക. ഐസിസി ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാക്കിസ്ഥാന് മുംബൈയില്‍ മത്സരങ്ങളൊന്നുമില്ല. ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയുംബെംഗലൂരുവിലും ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാനെയും ചെന്നൈയിലും പാക്കിസ്ഥാന്‍ നേരിടും. ഇന്ത്യക്കെതിരെ അഹമ്മദാബാദിലും ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും കൊല്‍ക്കത്തയിലും യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുകളെ ഹൈദരാബാദിലുമാണ് പാക്കിസ്ഥാന്‍ നേരിടേണ്ടിവരിക.