ഏക സിവിൽ കോഡ് നടപ്പാക്കൽ; പിന്തുണയുമായി ആംആദ്മി പാർട്ടി

ന്യൂഡൽഹി: ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ പിന്തുണയുമായി ആംആദ്മി പാർട്ടി. ആംആദ്മി നേതാവ് സന്ദീപ് പഥക് ആണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിർദേശിക്കുന്നുണ്ടെന്നും അക്കാരണത്താൽ തത്വത്തിൽ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നുമാണ് പാർട്ടി നേതാവ് സന്ദീപ് പഥക് വ്യക്തമാക്കിയിട്ടുള്ളത്.

പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയിൽത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചർച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകസിവിൽ കോഡിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് പഥകിന്റെ പ്രതികരണം.

പൊതുവ്യക്തിനിയമം നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളതാണെന്നും എല്ലാവർക്കും തുല്യാവകാശം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. വോട്ടുബാങ്ക്രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.