തിരുവനന്തപുരം: ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് തേച്ചു മാച്ച് കളയാൻ എഡിജിപിയെ ഏൽപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലേ? പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ബിജെപിയുമായി ഒത്തുകളിക്കുന്നതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ ശൈലി ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത്. അത് തന്നെയാണ് മോദിയുടെയും ശൈലി. പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതിന് ശേഷമുള്ള പ്രതിഭാസങ്ങളാണ് ഇവിടെ കാണുന്നത്. പ്രതിപക്ഷത്തിനെതിരെ, മാധ്യമങ്ങൾക്കെതിരെ എല്ലാം കേസെടുക്കുന്നത് അങ്ങനെയാണ്. കരിങ്കൊടി കാണിച്ചവരെ കയ്യാമം വയ്ക്കുകയാണ്. സാരമായ തകരാർ ഭരണത്തിൽ വന്നിരിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ പൊളിറ്റിക്കൽ സെക്രട്ടറി നടത്തുന്നതാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

