അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. സംഭവം നടന്നത് വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തായാണ്. അക്രമി വെടിയുതിർത്തതിന് ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി വെടിയുതിർത്തത് വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോളായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾക്ക് അമേരിക്കൻ പൗരത്വവും ഉണ്ട്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്.

നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക ഉള്ളത്. ആക്രമണം നടന്നത് ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുന്ന വഴിയാണ്. നാല് തവണയെങ്കിലും അക്രമി പിസ്റ്റളിൽ നിന്ന് വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ഹാവെർഫോർഡ് കോളജ്, ബ്രൗൺ യൂണിവേഴ്സിറ്റി, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.