ന്യൂഡൽഹി: കൊല്ലപ്പെട്ട ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. നിജ്ജാർ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താനാണ് നിജ്ജാർ പദ്ധതിയിട്ടതെന്നാണ് പുറത്തു വരുന്ന വിവരം.
മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാർ കാനഡയിൽ വളർത്തിയെടുത്തിയിരുന്നു. 2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ വച്ച് ഇവർക്ക് ആയുധപരിശീലനവും നൽകി. ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് 2014ൽ ഭീകരാക്രമണം നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയിൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാനും നിജ്ജാർ നിർദ്ദേശം നൽകിയിരുന്നു.
പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം അർഷ്ദീപ് സിങ് ഗില്ലിനൊപ്പം നിജ്ജാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. 2021ൽ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താനും നിജ്ജാർ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ രക്ഷപ്പെട്ടു.

