തിരുവനന്തപുരം : കേരളത്തിൽ അതിവേഗ റെയിൽ പാത അനിവാര്യമാണെന്നും എന്നാൽ കെ റെയിൽ പദ്ധതി പ്രായോഗികമാകില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് തുരങ്ക പാതയും എലവേറ്റഡ് പാതയുമാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു . ഈ ആശയം പ്രാബല്യത്തിൽ വന്നാൽ തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താമെന്ന വിപ്ലവകരമായ വികസനമാണ് നടക്കാൻ പോകുന്നത്. എന്നാൽ ഇതിൽ സർക്കാർ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ മറ്റ് തുടർ നടപടികൾ നടപ്പിലാക്കാനാവൂ. കഴിഞ്ഞ ദിവസം കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിൽ എത്തി ഇ ശ്രീധരനെ കണ്ട് മടങ്ങിയ ശേഷമാണ് വിവരങ്ങൾ പുറത്ത് വന്നത് .
കെ റെയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 4 മണിക്കൂർ എടുക്കുമെന്ന് സർക്കാർ അഭിപ്രായപെടുമ്പോൾ ശ്രീധരൻ മുന്നോട്ട് വയ്ക്കുന്നത് വെറും ഒരു മണിക്കൂർ സമയമാണ്. ശ്രീധരന്റെ പദ്ധതിയുമായി ബന്ധപ്പെട്ട രൂപരേഖയും സർക്കാരിന്റെ പച്ചക്കൊടിയുമാണ് ഇതിലെ നിർണായകമായ ഘടകങ്ങൾ . ഭൂമിക്ക് മുകളിലൂടെ പാത പോകുന്നതും നിലവിലെ പാതയ്ക്ക് സമാന്തരമായി പോകുന്നതുമൊക്കെയാണ് കെ റെയിലിന്റെ പ്രധാന പ്രശ്നമായി വിദഗ്ദ്ധർ പറയുന്നത് . കൂടാതെ ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കുന്നതും ഇരു ഭാഗത്തും മതിൽ കെട്ടി വേർതിരിക്കുന്നതുംകെ റെയിലിൻറെ പ്രധാന വെല്ലുവിളികൾ ആയിരുന്നു.
ശ്രീധരൻ മുമ്പിൽ നിൽക്കുന്നതിനാൽ കേന്ദ്ര സർക്കാർ എതിർക്കില്ല എന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ തീരുമാനവും ചിലവ് എത്രത്തോളം ആകുമെന്നുള്ളതും ഇതിൽ നിർണായകമാണ്. കെ റെയിലുമായി ബന്ധപ്പെട്ട് അനുനയത്തിനാണ് കെ വി തോമസ് ശ്രീധരനെ കണ്ടതെങ്കിലും കെ റെയിലിന് ഭാവി ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കെ റെയിലിനു കേന്ദ്ര അനുമതി കിട്ടാൻ വേണ്ടി ആണ് കേരള സർക്കാർ ശ്രീധരനെ അനുനയിപ്പിക്കാൻ നോക്കിയത്. എന്നാൽ ഹൈ സ്‌പീഡ് , സെമി സ്പീഡ് റെയിൽ വേ സംവിധാനം കേരളത്തിൽ നടപ്പാക്കാൻ ശ്രീധരൻ രൂപരേഖ തരുമെന്നതാണ് കെ വി തോമസ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത് . കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എത്തുമെന്ന് അറിയിച്ചെന്നും കെ വി തോമസ് കൂട്ടി ചേർത്തു.

