ഇന്ന് ദേശീയ കായിക ദിനം (National Sports Day)

national sports day

ലോക കായിക മേഖലയില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.കോവിഡ് 19 വ്യാപനത്താല്‍ ഇന്ത്യന്‍ കായിക രംഗം പൂര്‍ണമായും നിശ്ചലമായ സാഹചര്യത്തിലാണ് ദേശീയ കായിക ദിനാചരണം വീണ്ടുമെത്തുന്നത്. രാജ്യത്തിന്റെ കായിക മികവ് പരിഗണിക്കുമ്പോള്‍ പ്രാഥമികമായി പരിശോധിക്കപ്പെടുന്നത് ഒളിമ്പിക്‌സിലെ നേട്ടങ്ങളെ സംബന്ധിച്ചാണ്. ഇപ്പോഴുള്ള പ്രതികൂല സാഹചര്യം മൂലം ഒളിമ്പിക്‌സ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്.

ആധുനിക ഒളിമ്പിക്‌സില്‍ 1900 മുതല്‍ പങ്കെടുത്ത ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടുവാന്‍ 1928 ലെ അംസ്റ്റര്‍ഡാം ഒളിമ്പിക്‌സ് വരെ കാത്തിരിക്കേണ്ടിവന്നു. ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെട്ട ഹോക്കിയിലൂടെയാണ് ഈ സുവര്‍ണ നേട്ടം കൈവരിച്ചത്. 1980 വരെ നടന്ന വ്യത്യസ്ത ഒളിമ്പിക്‌സുകളില്‍ നിന്നും ഹോക്കിയിലൂടെ 8 സ്വര്‍ണ മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇത്തരമൊരു മെഡല്‍നേട്ടം തുടരുവാന്‍ പിന്നീടുവന്ന ഹോക്കി ടീമുകള്‍ക്കായിട്ടില്ല എന്നത് നിരാശാജനകമാണ്. ഹോക്കിയിലൂടെ ലോക കായിക ഭൂപടത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്ത ഇതിഹാസമാണ് മേജര്‍ ധ്യാന്‍ചന്ദ്. 1928, 32, 36 ഒളിമ്പിക്‌സുകളില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുവാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ധ്യാന്‍ചന്ദ്. അദ്ദേഹത്തിന്റെ കായിക ജീവിതയാത്ര ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടം എന്നാണറിയപ്പെടുന്നത്. ഈ ഹോക്കി അതികായകന്റെ സ്മരണാര്‍ത്ഥം 2012 മുതല്‍ ദേശീയ കായിക ദിനം വിപുലമായ ചടങ്ങുകളോടെ രാജ്യവ്യാപകമായി ആഘോഷിച്ചുവരുകയാണ്.

ധ്യാന്‍ചന്ദ് എന്ന അമാനുഷികന്‍ 1932 ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്‌സില്‍, ഇന്ത്യ – അമേരിക്ക ഹോക്കി മത്സരത്തിനിടയില്‍ അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്കില്‍ മാന്ത്രികതയുണ്ടെന്ന് ഒരു അമേരിക്കന്‍ കളിക്കാരന്‍ അമ്പയറോട് പരാതിപ്പെട്ടു. ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലായിരുന്ന സന്ദര്‍ഭത്തിലായിരുന്നു ഈ പരാതി. താന്‍ ഉപയോഗിച്ചിരുന്ന ഹോക്കി സ്റ്റിക്ക് ഉടന്‍തന്നെ അമേരിക്കക്കാരന് നല്‍കി പകരം അദ്ദേഹത്തിന്റെ സ്റ്റിക്ക് വാങ്ങി കളി പുനരാരംഭിച്ചപ്പോഴും ധ്യാന്‍ ചന്ദിന്റെ ഗോളടിയില്‍ മാറ്റമുണ്ടായില്ല.അമേരിക്കയുടെ ഗോള്‍വല നിറഞ്ഞ ആ മത്സരത്തില്‍ ഒന്നിനെതിരെ 24 ഗോളുകള്‍ക്കാണ് ഇന്ത്യ അമേരിക്കയെ തകര്‍ത്തത്. 1936 ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ എതിരിട്ടത്. ജര്‍മ്മനിയുടെ മിന്നും പ്രകടനവും കിരീട നേട്ടവും പ്രതീക്ഷിച്ച് കളികാണാന്‍ ഗ്യാലറിയിലെത്തിയ ഹിറ്റ്‌ലറെ നിരാശനാക്കി ഇന്ത്യ വന്‍ മാര്‍ജിനില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. കളിക്കളത്തില്‍ അത്ഭുതം സൃഷ്ടിച്ച ക്യാപ്റ്റനെ ഹിറ്റ്‌ലര്‍ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും ജര്‍മ്മന്‍ സൈന്യത്തില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ അഭിമാനിയും രാജ്യസ്‌നേഹിയുമായിരുന്ന ധ്യാന്‍ചന്ദ് സ്‌നേഹപൂര്‍വം ആ വാഗ്ദാനം നിരസിക്കുകയും ഇന്ത്യന്‍ സൈന്യത്തില്‍ തുടരുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം കാരണം 1940, 1944 ഒളിമ്പിക്‌സുകള്‍ മാറ്റി വയ്ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഹോക്കിയില്‍ ഇന്ത്യന്‍ കിരീടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമായിരുന്നു. ഇന്ത്യന്‍ കായിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മൂല്യമേറിയ സംഭാവനകള്‍ നല്‍കിയ കായിക താരം ധ്യാന്‍ചന്ദാണ്. എന്നാല്‍ കായിക രംഗത്തു നിന്നും നേട്ടങ്ങള്‍ക്കനുസൃതമായ ആദരവ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും. 1979 ല്‍ മരണത്തിന് കീഴടങ്ങിയ ആ പോരാളിക്ക് 1956 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കിയതൊഴിച്ചാല്‍ മറ്റു പുരസ്‌കാരങ്ങള്‍ക്കൊന്നും ശുപാര്‍ശ ചെയ്യപ്പെട്ടില്ല. ക്രിക്കറ്റില്‍ സര്‍ ഡൊണാള്‍ഡ് ബാഡ്മാന്‍, ഫുട്‌ബോളില്‍ പെലെ തുടങ്ങിയവരുടെ നിരയില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വമാണ് ധ്യാന്‍ചന്ദ്. 1954 മുതല്‍ ഭാരതരത്‌നം അവാര്‍ഡ് നല്‍കിത്തുടങ്ങിയെങ്കിലും 2013 ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലുടെയാണ് ആദ്യമായി ഒരു കായിക താരം ഈ ഉന്നത ബഹുമതി കരസ്ഥമാക്കുന്നത്. മരണാനന്തര ബഹു മതിയായെങ്കിലും ഭാരതരത്‌നം അവാര്‍ഡിന് ധ്യാന്‍ചന്ദിനെക്കൂടി പരിഗണിച്ചാല്‍ അത് കായിക രംഗത്തിന് ലഭിക്കുന്ന പ്രാത്സാഹനമാകും. ബഹുമുഖ പ്രതിഭകളെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കുന്ന കായിക താരങ്ങള്‍ക്ക് രാജ്യം അര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ കായിക മേഖലക്ക് കൂടുതല്‍ ആവേശവും ഊര്‍ജവും പകരും. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 നാണ് കായിക പ്രതിഭകള്‍ക്കുള്ള പരമോന്നത പുരസ്‌കാരങ്ങളായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്, അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ചന്ദ് അവാര്‍ഡ് തുടങ്ങിയവ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്. കളിക്കളത്തില്‍ നിന്നും അന്തരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുവാന്‍ ആഗ്രഹിച്ച എം.എസ്. ധോണി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത് ഖേദകരമായി. രണ്ട് ക്രിക്കറ്റ് ലോകകപ്പ് കിരീടവും ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യക്ക് സംഭാവന ചെയ്ത ധോണിക്കും മാന്യമായ വിടവാങ്ങലിന് അവസരം ലഭിച്ചില്ല. കായിക പുരോഗതിക്കും കായിക മികവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ അവംലബിച്ചു പോരുന്ന നയത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്ക് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക സാക്ഷരതയും ശൈശവം മുതല്‍ ഉറപ്പിക്കുകയും മികവ് പുലര്‍ത്തുന്ന പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും പിന്തുണയും നല്‍കുന്ന ഒരു സംസ്‌കാരം രാജ്യത്ത് രൂപപ്പെടണം. ടാലന്റ് ഐഡന്റിഫിക്കേഷനില്‍ ശാസ്ത്രീയ പരിശോധനകള്‍ ഏര്‍പ്പെടുത്തി ഓരോ കായിക ഇനവുമായി ബന്ധപ്പെട്ട താരങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും വേണം. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും ഇവര്‍ക്ക് ലഭ്യമാക്കണം. രാജ്യവ്യാപകമായി ഇത്തരം പരിശ്രമങ്ങള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യക്ക് മാന്യമായ സ്ഥാനം ലഭിക്കും. കൊവിഡിനോടൊപ്പവും കൊവിഡാനന്തരവും കായിക ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മിന്നും പ്രകടനം നടത്തുവാന്‍ അണിയറയില്‍ തയാറെടുക്കുന്ന ഒരു കൂട്ടം കായികതാരങ്ങള്‍ക്ക് ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്‍കുവാന്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കരുത്തു പകരുമെന്ന് പ്രത്യാശിക്കാം.