പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്ന അയ്യങ്കാളിയുടെ ജയന്തി ആഘോഷ ദിനം

ഇന്ന് അയ്യൻകാളി ജയന്തി

‘പുലയരാജാവ്” എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച അയ്യങ്കാളിയുടെ ജയന്തി ആഘോഷ ദിനമാണ് ഇന്ന്.പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജയന്തി കേരളമൊട്ടാകെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കുന്നു. കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു. തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു.

1893ലാണ് ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി സമരം നടക്കുന്നത്. രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായിതിരിച്ച റോഡുകളിൽ പിൽക്കാലത്ത് രാജവീഥികൾ എല്ലാവർക്കുമായി തുറന്ന് കൊടുത്തെങ്കിലും അവർണ്ണർക്ക് ഇതിലൂടെ സഞ്ചാര സ്വാതന്ത്രൃം ഉണ്ടായിരുന്നില്ല. ഇതിനെതിരെയായിരുന്ന അയ്യങ്കാളി തന്‍റെ വില്ലുവണ്ടിയോടിച്ച് വിപ്ലവം തീർത്തത്. 1891 മുതൽ 1893 വരെയുള്ള കാലയളവിൽ തുടർച്ചയായി പൊതുവഴികളിലൂടെ വില്ലുവണ്ടിയിൽ എത്തിയ അദ്ദേഹം പ്രമാണിമാരെ വെല്ലുവിളിക്കുകയായിരുന്നു. കാളവണ്ടിയിൽ, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് പൊതുവീഥിയിലൂടെയുള്ള സാഹസിക യാത്രയെ എതിർക്കാനെത്തിയവർക്കെല്ലാം അയ്യങ്കാളിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിന്തിരിയേണ്ടി വന്നു. ബാലരാമപുരം കഴക്കൂട്ടം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി ഏറ്റുമുട്ടലുകളായിരുന്നു ഈ ഘട്ടത്തിൽ നടന്നത്.

രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾക്കൊപ്പം ഇന്നും ചർച്ചയാകുന്ന വിഷയമാണ് പഞ്ചമിയുടെ സ്കൂൾ പ്രവേശനം. 1914ലാണ് ദളിത് പെൺകുട്ടിയായ പഞ്ചമിയുമായി അയ്യങ്കാളി സ്കൂളിലെത്തുന്നത്. നാളുകൾ നീണ്ടു നിന്ന കൃഷിഭൂമി തരിശിടൽ സമരത്തിന് പിന്നാലെ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് അനുമതി ലഭിച്ചതോടെയാണ് അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് സ്കൂളിലെത്തുന്നത്. എന്നാൽ അധികൃതർ കുട്ടിയ്ക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ചു. തിരുവിതാംകൂർ ഭരണാധികാരിയുടെ ഉത്തരവ് വകവെയ്ക്കാതെയായിരുന്നു ഈ നടപടി. പഞ്ചമിയെ ക്ലാസിൽ ചേർക്കാനുള്ള ശ്രമങ്ങൾ മറ്റൊരു പ്രക്ഷോഭത്തിലേക്കാണ് കാര്യങ്ങളെത്തിച്ചത്. തുടർന്ന് സ്കൂൾ അഗ്നിക്കിരയായി. പഞ്ചമി ഇരുന്ന ബെഞ്ചും സ്കൂളിന്‍റെ ഏതാനം ഭാഗങ്ങളും മാത്രമാണ് ഇവിടെ അവശേഷിച്ചത്. ഇത് പിന്നീട് ചരിത്ര സ്മാരകവുമായി.

1904-ല്‍ അയ്യങ്കാളി പള്ളിക്കൂടത്തിന്‍റെ തുടക്കം. ജാതിവിവേചനം കാരണം തിരുവിതാംകൂറില്‍ ആ കാലഘട്ടത്തില്‍ അയിത്ത ജാതിക്കാരായ പുലയര്‍ ഉള്‍പ്പെടെയുള്ളവരുടെ കുട്ടികള്‍ക്ക് സ്‍കൂളില്‍ പ്രവേശനമുണ്ടായിരുന്നില്ല. പുലയരെക്കാള്‍ ജാതിയില്‍ അല്‍പ്പം ഉയര്‍ന്നവരെന്ന് കരുതിയിരുന്ന ഈഴവര്‍ക്കും സമാനമായ വിലക്കുണ്ടായിരുന്നു. സവര്‍ണവരാണ് പ്രധാനമായും എതിര്‍പ്പ് ഉയര്‍ത്തിയത്. രാജകീയ സര്‍ക്കാരും ദിവാന്മാരും ഇത് കണ്ടില്ലെന്ന് നടിച്ചു. പുതുവല്‍വിളാകം എന്ന പ്രദേശത്ത് അയ്യങ്കാളിയുടെ സുഹൃത്തുകൂടെയായിരുന്ന കൊച്ചാപ്പിയില്‍ നിന്നും വാങ്ങിയ 18 സെന്‍റ് സ്ഥലത്താണ് സ്‍കൂള്‍ പണിതത്. തീണ്ടല്‍ജാതിക്കാരായ കുട്ടികള്‍ക്കായി തീണ്ടല്‍ ജാതിക്കാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്‍കൂളായിരുന്നു ഇതെന്ന്, മഹാത്മ അയ്യങ്കാളി – എന്ന പുസ്‍തകത്തില്‍ വിവരിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ നിയമനിർമാണ സഭയെന്ന് അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭയി (ശ്രീമൂലം പോപ്പുലർ അസംബ്ലി)ൽ അയ്യങ്കാളി അംഗമായിരുന്നു. അയിത്തജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ അതേ സമുദായത്തിൽ നിന്നുള്ളവർ വേണമെന്ന ആവശ്യം ഉയർന്ന് വന്ന സാഹചര്യത്തിലായിരുന്നു അയ്യങ്കാളിയുടെ സഭാപ്രവേശനം. പി രാജഗോപാലാചാരിയാണ് അയ്യങ്കാളിയെ 1911 ഡിസംബർ 5ന് സഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. സഭാംഗമായിരുന്ന കുമാരനാശാൻ അയ്യങ്കാളിയ്ക്ക് ഹൃദ്യമായ സ്വാഗതമേകിയെന്നാണ് ചരിത്രം പറയുന്നത്. 1912 ഫെബ്രുവരി 27 ന് നടന്ന ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു. പട്ടയഭൂമി പതിച്ച് നൽകുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ആദ്യമായി സഭയിൽ സംസാരിച്ചത്. തീണ്ടല്‍, തൊടീല്‍, അടിമത്തം എന്നിങ്ങനെ പുലയര്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അയ്യങ്കാളി രൂപപ്പെടുത്തിയ സംഘത്തിന്‍റെ പേരാണ് പൊതുവെ അയ്യങ്കാളിപ്പട എന്ന് അറിയപ്പെടുന്നത്. ഇത് ഏതെങ്കിലും സംഘടനരൂപത്തില്‍ ആയിരുന്നില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അയ്യന്‍കാളിയുടെ സമരങ്ങള്‍ കൂടുതലും സവര്‍ണരോടുള്ള ഏറ്റുമുട്ടലുകളായിരുന്നു. അയ്യന്‍കാളി കളരി അഭ്യസിച്ചിരുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ കായികമായ സംഘട്ടനങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വില്ലുവണ്ടി സമരമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് അയ്യങ്കാളിക്ക് പിന്തുണയായതും സംഘര്‍ഷങ്ങളില്‍ സഹായകമായതും ഇതേ അയ്യങ്കാളിപ്പടയാണ്.