വാഷിംഗ്ടൺ: ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ അന്വേഷണം നടക്കുന്ന വിവരം സെനറ്റ് കമ്മറ്റിയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് എഫ്.ബി.ഐ. ഒരോ പത്തു മണിക്കൂറിലും ചൈനയെക്കുറിച്ചുള്ള ഒരു പുതിയ വിഷയത്തിന് മേൽ അന്വേഷണം നടത്തുകയാണെന്ന് എഫ്.ബി.ഐ. മേധാവി ക്രിസ്റ്റഫർ റേ അറിയിച്ചു.അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ നിരീക്ഷിക്കുന്ന സെനറ്റ് കമ്മറ്റി അംഗം മാർകോ റൂബിയോവിന്റെ ചോദ്യത്തിനുത്തരമായിട്ടാണ് റേ മറുപടി നൽകിയത്.
അമേരിക്കയ്‌ക്കെതിരെ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു രാജ്യം ഇതുവരെയുണ്ടായിട്ടില്ലെന്നും ചൈനയ്‌ക്കെതിരായ 2000 അന്വേഷണങ്ങളുടെ രേഖകൾ നിരത്തി റേ സമർത്ഥിച്ചു.രാജ്യത്തിന്റെ പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം, സൈബർ മേഖല, ബഹിരാകാശം, ആരോഗ്യം, നൂതനമായ ഗവേഷണങ്ങൾ എല്ലാത്തിലും ചൈന കൈകടത്തിയിരി ക്കുകയാണെന്നും റേ മുന്നറിയിപ്പ് നൽകി.
ചൈനീസ് പൗരന്മാരെ തടവിലാക്കിയതും നിരോധിച്ചതും അടക്കം എല്ലാ വിഷയത്തിലും രാജ്യത്തിനെ അപായപ്പെടുത്താനുള്ള ബീജിംഗ് സൈന്യത്തിന്റെ വ്യക്തമായ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും റേ സെനറ്റിന് മുമ്പാകെ വെച്ചു.അതെസമയം ‘ചൈനയുടെ നീക്കങ്ങൾക്കെതിരെ ഒരോ പത്തുമണിക്കൂറിലും ഒരു പുതിയ അന്വേഷണം നടക്കുകയാണ്.
എന്നാലിത് മറ്റൊരു പണിയും ഇല്ലാത്തതിനാൽ ചൈനയ്‌ക്കെതിരെ നീങ്ങുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതുവരെ 2000 അന്വേഷണങ്ങളാണ് ചൈനയുടെ നീക്കങ്ങളെ കണ്ടെത്താൻ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ അഖണ്ഡതയേയും സുരക്ഷയേയും ബാധിക്കുന്ന വിശദമായ തെളിവുകൾ ശേഖരിക്കുക എന്ന ദൗത്യമാണ് എഫ്.ബി.ഐ. നടത്തുന്നത്.’ക്രിസ്റ്റഫർ റേ സെനറ്റ് സമിതിയ്ക്ക് മുമ്പാകെ വിശദമാക്കി.