പാകിസ്ഥാനിലുളള ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും താല്‍ക്കാലികമായി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ ഫ്രാന്‍സ്

ഇസ്ലാമാബാദ്: പാകിസ്ഥാനിലുളള ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും താല്‍ക്കാലികമായി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ ഫ്രാന്‍സ്. പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പാരീസിലെ ഒരു ചരിത്രാദ്ധ്യാപകനായ സാമുവേല്‍ പാറ്റി പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ഈ അദ്ധ്യാപകനെ പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമായി. കാര്‍ട്ടൂണിനെ അപലപിച്ച്‌ റാലികള്‍ നടക്കുന്നതിന് മുന്‍പ് തങ്ങളുടെ തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ആയിരക്കണക്കിന് പാകിസ്ഥാനി ഇസ്ലാമിസ്റ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് ഫ്രഞ്ച് പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും തല്‍ക്കാലം രാജ്യം വിടാന്‍ വ്യാഴാഴ്ച തന്നെ നിര്‍ദ്ദേശം നല്‍കിയതായി ഫ്രഞ്ച് എംബസി അറിയിച്ചു.