അവസാന ശ്വാസം വരെ സിനിമ മടുക്കില്ല; അഭിനയത്തോടുള്ള ഇഷ്ടം ഇല്ലാതാകില്ലെന്ന് മമ്മൂട്ടി

തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ഇഷ്ടം ഒരിക്കലും ഇല്ലാതാകില്ലെന്നും അദ്ദേഹം അറിയിച്ചു. ടർബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് താൻ. സിനിമ മടുത്തു എന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ല. തന്റെ അവസാന ശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. താൻ മരിച്ചു കഴിഞ്ഞാൽ എത്ര നാൾ അവരെന്നെക്കുറിച്ച് ഓർക്കും. ഒരു വർഷം, പത്തു വർഷം, 15 വർഷം അതോടു കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവർ നമ്മളെ ഓർത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആർക്കുമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് താൻ. ഒരു വർഷത്തിൽ കൂടുതൽ അവർക്കെന്നെ എങ്ങനെ ഓർത്തിരിക്കാൻ സാധിക്കും. തനിക്ക് ആ കാര്യത്തിൽ പ്രതീക്ഷയുമില്ല. ഒരിക്കൽ ഈ ലോകം വിട്ടുപോയാൽ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും. ഒരു സമയം കഴിഞ്ഞാൽ നമ്മളെ ആർക്കും ഓർത്തിരിക്കാൻ സാധ്യമല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.