തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തിയ ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. മാർച്ച് 15ന് സോണി ലിവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഭ്രമയുഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത് ഫെബ്രുവരി 15നായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗം ബോക്‌സ് ഓഫിസിൽ 60 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സർവൈവൽ ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

