ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവിക താവളം ഐഎൻഎസ് ജടായു പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവിക താവളം ഐഎൻഎസ് ജടായു പ്രവർത്തനം ആരംഭിച്ചു. മിനികോയിലാണ് താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ പുതിയ നാവിക താവളം സ്ഥാപിച്ചത്. ഇന്ത്യയുടെ നീക്കം ചൈനയ്ക്കും മാലദ്വീപിനും തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിൽ ആണ് മിനിക്കോയ്‌ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മിനിക്കോയ്‌ ദ്വീപിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. അഗത്തി ദ്വീപിലെ നിലവിലുള്ള എയർസ്ട്രിപ്പ് നവീകരിക്കുകയും ചെയ്യും.

ഐഎൻഎസ് ജടായു കമ്മിഷനിങ് നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ നിർവഹിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ഉന്നത നാവിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

1980 മുതൽ ലക്ഷദ്വീപിൽ നാവിക സ്റ്റേഷനുകൾ ഉണ്ട്. അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാൻ മിനിക്കോയിലെ നേവൽ ബേസിന് കഴിയും. പാക്കിസ്ഥാൻ കേന്ദ്രമായി അറബിക്കടലിലൂടെ വലിയതോതിലുള്ള ലഹരി മരുന്നും കള്ളക്കടത്തും നടക്കുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി കൂടിയാണ് നേവൽ ബേസ് നിർമ്മിക്കുന്നത്.