2024 കാൻ ഫിലിം ഫെസ്റ്റിവലിൽ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നേടി ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. മെയ് 24ന് കാൻഫെസ്റ്റിവലിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. കരിയറും അസാധാരണമായ മികവുമാണ് പുരസ്‌കാരത്തിന് സന്തോഷ് ശിവനെ പരിഗണിക്കാനുള്ള കാരണമെന്ന് സമിതി വ്യക്തമാക്കി. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും സന്തോഷ് ശിവന് തന്നെയാണ്.
റോജ, യോദ്ധ, ദിൽസേ, ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹണം നിർവ്വഹിച്ചത് സന്തോഷ് ശിവൻ ആണ്. സിനിമാ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അന്തന്തഭദ്രം, ഉറുമി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചതും സന്തോഷ് ശിവൻ തന്നെയാണ്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിൽ നായക വേഷത്തിൽ സന്തോഷ് ശിവൻ അഭിനയിച്ചിട്ടുണ്ട്. തുപ്പാക്കി എന്ന തമിഴ് സിനിമയിലും അദ്ദേഹം വേഷമിട്ടു. 2014ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

