മലയാള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ.’ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിനിമയെ കുറിച്ച് നടൻ ഇന്ദ്രജിത്ത് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുന്നത്. എമ്പുരാൻ വലിയൊരു സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകൾ.
ലൂസിഫറിനെക്കാൾ സ്‌കെയിൽ വയ്‌സ് ഭയങ്കര വലിയ സിനിമയാണ് എമ്പുരാൻ. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാൻ പോകുന്ന സിനിമയാകും എമ്പുരാൻ എന്നാണ് തനിക്ക് തോന്നുന്നത്. കാരണം അത്രയധികം രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാൻ പറ്റിയൊരു സിനിമയല്ല. നിലവിൽ ഇന്ത്യയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു. യുകെയിൽ ഒന്ന് കഴിഞ്ഞു. അമേരിക്കൻ ഷെഡ്യൂൾ അടുത്താഴ്ച തുടങ്ങാൻ പോകുന്നു. അതിലാണ് താൻ ജോയിൻ ചെയ്യാൻ പോകുന്നതെന്നും ഇന്ദ്രജിത്ത് അറിയിച്ചു.
അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂൾ ഷെഡ്യൂളായി തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം തനിക്ക് അറിയില്ല. പക്ഷേ സ്‌കെയിൽ വയ്‌സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് തനിക്ക് തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

