തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലുണ്ട്. എറണാകുളത്ത് അനിൽ ആന്റണിയും കിറ്റെക്‌സ് എംഡി സാബു ജേക്കബുമാണ് പരിഗണനയിലുള്ളത്.
കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഇവിടെ ശോഭാ സുരേന്ദ്രന്റെയും ബിബി ഗോപകുമാറിന്റെയും പേരുകളും പരിഗണിക്കുന്നു. അതേസമയം, പി സി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് നിലപാട് കടുപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള മത്സരിക്കാൻ എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം
ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അനിൽ ആന്റണിയുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

