196 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലുകളില്ല; കാരണമിതോ?

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ തലത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനിടെ പ്ലസ് ടു വിദ്യാഭ്യാസത്തെ മറന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 196 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലുകളില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. രണ്ടുമാസം മുൻപ് യോഗ്യതാപട്ടിക തയ്യാറായെങ്കിലും നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ തീരുമാനം വൈകുകയാണ്. പ്രിൻസിപ്പൽ ഇല്ലാത്തത് ഹയർ സെക്കണ്ടറിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇടത് യൂണിയനുകളുടെ സമ്മർദ്ദം മൂലമാണ് പ്രിൻസിപ്പൽ നിയമനം വൈകുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഹയർ സെക്കന്ററി സ്‌കൂളിൽ ഏറെ ഒഴിവുള്ള കാസർകോടു പോലുള്ള ഗ്രാമീണ മേഖലകളിലേക്കു പോവാൻ അദ്ധ്യാപകർ സമ്മതിക്കുന്നില്ല. ഇതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലെ മുഖ്യതടസ്സം. തസ്തികയിൽ നാലിലൊന്ന് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റത്തിലൂടെ നൽകുന്നതാണ്. ഇതു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതിസന്ധി വർദ്ധിച്ചു.

ജൂലൈ മാസം തയ്യാറാക്കിയ കരടുപട്ടികയിൽ നിയമനം നീണ്ടു. ഹൈസ്‌കൂളുകാരെ നിയമിക്കാൻ കോടതിയും സമ്മതിച്ചു. തുടർന്ന്, രണ്ടുമാസം മുൻപ് സർക്കാർ അന്തിമയോഗ്യതാപട്ടിക തയ്യാറാക്കിയിരുന്നു. കാസർകോട് ജില്ലയിൽ മാത്രം 40 പേരെ നിയമിക്കണം. ഇവിടേക്കു പോവാൻ പട്ടികയിലുള്ളവർ തയ്യാറല്ല. ഇഷ്ടമുള്ളിടത്ത് നിയമനം നേടാൻ അദ്ധ്യാപകർ ഭരണപക്ഷ സ്വാധീനമുപയോഗിച്ച് സമ്മർദവും തുടങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് സൂചന.