കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കുന്നത്. സിയാലിന്റെ മറ്റ് പദ്ധതികൾ പോലെ തന്നെ ഇത് വൻ വിജയമാകുമെന്ന് മന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും തുടർന്ന് കൊണ്ട് പോകാൻ പദ്ധതി പ്രചോദനമാകുമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല കാലത്ത്, 2 കോടിയോളം ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. ഏറെ കാലങ്ങളായി, ഈ തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാർഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷം 2 ചാർട്ടർ വിമാനങ്ങൾ ആണ് സിയാൽ കൈകാര്യം ചെയ്തത്. ഭക്തരിൽ ചിലരെല്ലാം ഹോട്ടൽ സൗകര്യങ്ങൾ പോലും ഉപയോഗിക്കാതെ, അതിരാവിലെയാണ് അവരുടെ യാത്ര തുടങ്ങുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാടക്കണമെന്ന ചിന്ത വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൂർണ മനസ്സോടെ കൂടെ നിന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് സ്വാഗതം ആശംസിച്ചു. എംഎൽഎ മാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി കൃതജ്ഞത രേഖപ്പെടുത്തി. 5000 ചതുരശ്രയടി വിസ്തീർന്നതിൽ ആഭ്യന്തര ആഗമന ഭാഗത്താണ് ഇടത്താവള സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്സി കൗണ്ടർ, 24 മണിക്കൂർ ചുക്കുവെള്ളം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

