ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കോവിഡ് മരുന്ന് ഈ മാസം 11 മുതല്‍ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ് റെഡ്‌ഡി. ലഭ്യതയ്‌ക്ക് അനുസരിച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്ന് ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.
ഡി.ആര്‍.ഡി.ഒയും ഹൈദരാബാദിലെ ഡോ. റെഡ്‌ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. വേഗത്തില്‍ രോഗമുക്‌തി ലഭിക്കുന്നതിനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും മരുന്നു സഹായിക്കുമെന്നുക്ല ിനിക്കല്‍ പരീക്ഷണത്തില്‍ വ്യക്‌തമായിരുന്നു. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.
മരുന്ന് രോഗികൾക്കു പെട്ടെന്നു രോഗമുക്തി നൽകുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നൽകിയ കൂടുതൽ രോഗികൾക്കും പെട്ടെന്നുതന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകിയത്.