ബിനീഷിനോട് ചോദ്യങ്ങളുമായി കർണാടക ഹൈക്കോടതി; ജാമ്യഹർജി 24 ലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം.

രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടില്‍ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തരാം, അല്ലെങ്കില്‍ ഹര്‍ജി തള്ളാമെന്ന് കോടതി പറഞ്ഞു.

അഭിഭാഷകന് രേഖകള്‍ സമര്‍പ്പിക്കാന്‍ കേസ് 24 ലേക്ക് പരിഗണിക്കാന്‍ മാറ്റി.കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ എഴുതി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇഡിയുടെ വിശദമായ വാദം കേള്‍ക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. കേസില്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.