സംസ്ഥാനത്തെ സ്ഥിതി പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിന് സമാനമെന്നു മുഖ്യമന്ത്രി

cm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിന് സമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതി മനസിലാക്കി എല്ലാവരും സ്വയം കരുതല്‍ എടുക്കാന്‍ തയാറാകണം. ദുരിതാശ്വാസനിധിയിലേക്ക് 1.15 കോടി രൂപകൂടി ലഭിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍പാലിക്കണം. സംസ്ഥാനത്തു ഓക്സിജൻ പ്രതിസന്ധി നിലവിൽ ഇല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പരിഭ്രാന്തി സൃഷ്‌ടിക്കുന്ന സാഹചര്യം കേരളത്തിലില്ല. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇത്തരക്കാർക്കെതിരെ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മാനേജ്‌മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ച് സഹകരണം തേടിയത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ കൊവിഡ് കാല ജാഗ്രത പുലർത്തണം. ആൾക്കൂട്ടം ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനും,സ്വയം വീഴ്‌ചകൾ വരുത്താതെ ശ്രദ്ധിക്കുകയും വേണമെന്നും ജനം ജാഗ്രത കാട്ടിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഐസിയുകളും വെന്റിലേ‌റ്ററുകളും സജ്ജമാക്കണം. അറ്റകു‌റ്റപണി നടത്തി പ്രവർത്തിക്കാൻ തയ്യാറാക്കണം. അംബുലൻസ് ഉടമകളും സേവന ദാതാക്കളും യോജിച്ച് പ്രവർ‌ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലൻസുകൾ, ഐഎംഎ, സ്വകാര്യ ആംബുലൻസ് എന്നിവ യോജിച്ച് പ്രവർത്തിക്കണം. ഇപ്പോൾ കൊവിഡേതര ചികിത്സയും ആശുപത്രികൾ ഉറപ്പാക്കണം.

കാസ്പ് ഇന്‍ഷുറന്‍സിനു കീഴില്‍ ചികിത്സ നല്‍കാന്‍ കൂടുതല്‍ ആശുപത്രികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 15 ദിവസത്തിനകം കുടിശ്ശിക തീര്‍ക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. പ്രാദേശികമായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായി. 1200 ഓളം സ്വകാര്യ ആശുപത്രികളുള്ള സംസ്ഥാനത്ത് നിലവില്‍ 250 ഓളം ആശുപത്രികളിലാണ് കോവിഡ് ചികിത്സയുള്ളത്. രോഗികളുടെ എണ്ണം രണ്ടരലക്ഷവും കടന്ന് വര്‍ധിച്ചാല്‍ കൂടുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിക്കേണ്ടി വരും.