നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448 കിലോമീറ്റര്‍ ദൂരമേയുള്ളു.ശനിയാഴ്ച രാത്രി 11.30- നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യുഎസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്.

യുഎസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല.റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഭൂമിയില്‍ പതിച്ചത്.

എന്നാല്‍ സമയം നീണ്ടു പോയിരുന്നുവെങ്കില്‍ ഇത് ഓസ്‌ട്രേലിയയുടെയോ ന്യൂസിലന്‍ഡിന്റെയോ ജനവാസമേഖലയില്‍ വീഴുമായിരുന്നുവെന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയില്‍ സമാനമായ സംഭവം ചൈനയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. അന്ന് ഭൂമിയിലേക്ക് പതിച്ച റോക്കറ്റിന്റെ അവശിഷ്ടം ഐവറി കോസ്റ്റിനു സമീപം വീണ് നിരവധി കെട്ടിടങ്ങള്‍ക്കു തകരാര്‍ വരുത്തിയിരുന്നു. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു. ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലര്‍ച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം.