ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി കഴിഞ്ഞു. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോള്‍ കോവിഡ് ചികിത്സയില്‍ ഈ മരുന്ന് നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചത്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഎ അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാവുകയാണ് പലയിടത്തും.
മെഡിക്കല്‍ ഓക്‌സിജനും വെന്റിലേറ്ററുകള്‍ക്കും മറ്റ് ചികിത്സാ സംവിധാനങ്ങളും ക്ഷാമം നേരിടുമ്പോള്‍ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച മരുന്ന് നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാവുന്ന തരത്തില്‍ പൗഡര്‍ രൂപത്തിലുള്ളതാണ് 2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന്.
വൈറസ് ബാധയേറ്റ കോശങ്ങളില്‍ ഈ മരുന്ന് പ്രവര്‍ത്തിക്കും. കോശങ്ങളിലെ ഊര്‍ജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടല്‍. വൈറസ് ബാധിച്ച കോശങ്ങളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആര്‍.ഡി.ഒ. പറയുന്നു.കൃത്രിമ ഓക്‌സിജന്‍ സപ്പോര്‍ട്ട് കുറയ്ക്കുന്നു എന്നതു കൊണ്ടുതന്നെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഓക്‌സിജന്‍ വേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. കോവിഡ് രോഗികളുടെ മറ്റാരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതിലൂടെ രോഗികള്‍ക്ക് ആശുപത്രികളില്‍ തുടരേണ്ട ദിവസങ്ങളും കുറയ്ക്കാം.
കോവിഡ് അതിരൂക്ഷമായി ബാധിച്ച രോഗികളിലും മിതമായി ബാധിച്ച രോഗികളിലും മരുന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കും. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുവെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച രോഗികള്‍ പെട്ടന്ന് രോഗമുക്തരാവുന്നതായി ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം രോഗികള്‍ക്കു പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ആശുപത്രികളില്‍ നടന്ന പരീക്ഷണങ്ങളില്‍ രണ്ട് പാക്കറ്റ് മരുന്ന് തുടര്‍ച്ചയായ രണ്ട് ദിവസം നല്‍കിയ രോഗികളില്‍ മൂന്നാം ദിവസം ഓക്‌സിജന്‍ ലെവല്‍ വര്‍ധിച്ചതായും കൃത്രിമ ഓക്‌സിജന്‍ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയില്‍ കണ്ടെത്തിയത്. 30 ശതമാനം രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സാ പുരോഗതിയുണ്ടായി. 2020 മെയ്-ഒക്ടോബര്‍ മാസങ്ങളില്‍ 110 രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിലും രോഗികളില്‍ വലിയ തോതിലുള്ള രോഗമുക്തി നിരക്കാണ് കണ്ടെത്തിയത്.
രാജ്യത്തെ 11 ആശുപത്രികളിലായാണ് ഫലപ്രദമായ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളര്‍ക്കും ഇത് നല്‍കാം. മരുന്നിന് എത്ര വില ഈടാക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം പാക്കറ്റിന് 500-600 രൂപ വരെ ഈടാക്കിയേക്കാം എന്നാണ് സൂചന. എളുപ്പത്തില്‍ നിര്‍മിച്ചെടുക്കാവുന്ന മരുന്ന് രാജ്യത്തെ കോവിഡ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.