ബീജിംഗ്: കൊവിഡ് രോഗികൾക്ക് വളരെ അത്യാവശ്യമായ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൺട്രേറ്റുകൾക്കും മറ്റ് ചികിത്സാ സഹായ ഉപകരണങ്ങൾക്കും കുത്തനെ വിലകൂട്ടി. രാജ്യത്ത് ഇത്തരം ഉപകരണങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ തന്നെയാണ് പുതുതായി വാങ്ങുന്ന ഉപകരണങ്ങൾക്ക് ചൈന വിലകൂടുതൽ വാങ്ങുന്നത്.എന്നാൽ ഇന്ത്യയിലെ ആവശ്യങ്ങൾക്കായി ഇന്ത്യൻ കമ്പനികൾ വലിയ തോതിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ തങ്ങൾക്ക് യൂറോപ്പിൽ നിന്നും അസംസ്‌കൃത വസ്‌തുക്കൾ വലിയ തോതിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് വില കൂടുന്നതെന്നാണ് ചൈന പറയുന്ന ന്യായം.
ചൈനയിൽ നിന്നുളള മെഡിക്കൽ സഹായങ്ങൾക്ക് വലിയ വില ഈടാക്കുന്നതും അവ എത്തിക്കുന്ന ഫ്ളൈറ്റുകളുടെ താമസത്തെ കുറിച്ചുമായിരുന്നു പ്രിയങ്കാ ചൗഹാൻ വിമർശിച്ചത്. ഇതിന് മറുപടിയായി വിലക്കയറ്റത്തെ ന്യായീകരിച്ചും വിമാനങ്ങളുടെ താമസം പരിഹരിക്കാമെന്ന വാഗ്ദാനം നൽകിയുമാണ് ചൈന വിവാദത്തിൽ നിന്നും രക്ഷ നേടിയത്.
വിവിധ ചൈനീസ് കമ്പനികൾക്ക് 70,000ത്തോളം ഓക്‌സിജൻ കോൺസൻട്രേറ്റുകളുടെ ഓർഡർ വന്നതായും ഇവ പരമാവധി വേഗത്തിൽ നൽകുമെന്നും ചൈന അറിയിച്ചു. ഇവയ്‌ക്ക് പുറമേ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെയും ആവശ്യം ഇന്ത്യയിൽ നിന്നുണ്ടെന്ന് ഹുവ ചുൻയിംഗ് പറഞ്ഞു. ഇത്തരത്തിൽ 10 ടണോളം ഇതുവരെ ഇന്ത്യയ്‌ക്ക് കൈമാറി. 20 ടണോളം ഉടനടി ഇന്ത്യയ്‌ക്ക് കൈമാറുമെന്നുമാണ് ചൈനയുടെ വാഗ്‌ദാനം.മാത്രമല്ല ലോകരാജ്യങ്ങളിൽ ഇന്ത്യയെ സഹായിക്കാൻ ആദ്യം മുന്നോട്ട് വന്നത് തങ്ങളാണെന്നും ചൈന അഭിപ്രായപ്പെടുന്നു.